ദുബായ്: സമഗ്രവികസത്തിനുള്ള ക്രിയാത്മക പദ്ധതികള്‍ക്കു കൂടുതല്‍ തുക വകയിരുത്തി 2014ലെ ദുബായ് ബജറ്റിനു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കുള്ള വിഹിതം 635 കോടി ദിര്‍ഹമായി ഉയര്‍ത്തി. മുന്‍വര്‍ഷത്തെക്കാള്‍ 13% കൂടുതലാണിത്. 2014ല്‍ പൊതുവരുമാനം 3700 കോടി ദിര്‍ഹവും ചെലവ് 3788.2 കോടി ദിര്‍ഹവും പ്രതീക്ഷിക്കുന്നു. നിക്ഷേപത്തോതു കുറയ്ക്കാതെ അടുത്ത അഞ്ചുവര്‍ഷം അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.
പ്രവര്‍ത്തന ചെലവില്‍ 200 കോടി ദിര്‍ഹം നീക്കിവച്ചു സാമ്പത്തിക-സാമൂഹിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജമേകാന്‍ വിനിയോഗിക്കും. എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.26 ശതമാനത്തില്‍ കൂടുതല്‍ കമ്മി വരാതിരിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടെ കാര്യക്ഷമത കൂട്ടി പൊതുജനങ്ങള്‍ക്കു കൂടുതല്‍ മികച്ച സേവനം ഉറപ്പാക്കും. ഇതോടൊപ്പം സാമ്പത്തിക, സാമൂഹിക മേഖലകളിലും കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കും. പദ്ധതികള്‍ ശാസ്ത്രീയമായി നടപ്പാക്കി താമസക്കാര്‍ക്ക് ഏറ്റവുംനല്ല ജീവിതനിലവാരം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. വരവും ചെലവും തമ്മിലുള്ള അന്തരം ക്രമാനുഗതമായി കുറയ്ക്കാന്‍ കഴിഞ്ഞതായി ധനകാര്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ സാലിഹ് അല്‍ സാലിഹ് പറഞ്ഞു. എല്ലാ മേഖലയ്ക്കും കൃത്യമായ അനുപാതത്തില്‍ വിഹിതം ഉറപ്പാക്കും.
നടപ്പുവര്‍ഷത്തെ അപേക്ഷിച്ചു പൊതുവരുമാനത്തില്‍ 13% വര്‍ധന രേഖപ്പെടുത്തും. ഫീസിനത്തില്‍ 24% വര്‍ധനയുണ്ടാകും. ഗവണ്‍മെന്റ് വരുമാനത്തില്‍ 67% ഫീസ് ഇനത്തിലുള്ളതാണ്. ഫീസ് ഘടന വിപുലപ്പെടുത്താതെയുള്ള ഈ വളര്‍ച്ച വിവിധ മേഖലകളിലെ നേട്ടങ്ങളുടെ സൂചികയാണ്. കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ കടന്നുവരുന്നതായി ഇതു തെളിയിക്കുന്നു. മൊത്തം വരുമാനത്തിന്റെ 21% വരുന്ന നികുതിയില്‍ ഒരു ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു. കസ്റ്റംസ്, വിദേശബാങ്കുകള്‍ എന്നിവയില്‍നിന്നുള്ള വരുമാനമാണിത്. ഇതും വളര്‍ച്ചാസൂചികയാണ്. മൊത്തം വരുമാനത്തിന്റെ 9% മാത്രമാണ് എണ്ണയില്‍നിന്നുള്ളത്. വിവിധ നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കും.
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി 2014 ല്‍ 1650 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. 2013ല്‍ ഇത് 1600 ആയിരുന്നു. വരുംവര്‍ഷങ്ങളിലും ഇതു തുടരും. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ബജറ്റിന്റെ 17% തുക നീക്കിവയ്ക്കും. വേള്‍ഡ് എക്‌സ്‌പോ 2020ന് ആതിഥ്യം വഹിക്കാന്‍ അവസരമൊരുങ്ങുകയാണെങ്കില്‍ ഒട്ടേറെ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടതായുണ്ട്. ഇത് ദുബായിയെ കൂടുതല്‍ നിക്ഷേപ അനുകൂലമാക്കും.
ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, സാമൂഹിക വികസനം തുടങ്ങിയവയ്ക്കുള്ള വിഹിതവും ഉയര്‍ത്തിയിട്ടുണ്ട്. മൊത്തം ചെലവിന്റെ 35% വരുമിത്. ഗൃഹനാഥന്മാര്‍, കുട്ടികള്‍, അമ്മമാര്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാവിഭാഗത്തില്‍ പെട്ടവര്‍ക്കും ക്ഷേമപദ്ധതികള്‍ വിഭാവനം ചെയ്യുന്നു. കായിക മേഖലയുടെ വികസനത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഷെയ്ഖ് മുഹമ്മദിന്റെ പ്രത്യേക താല്‍പര്യം കണക്കിലെടുത്തു ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്കു സഹായം നല്‍കും. സുരക്ഷ, നീതിന്യായം തുടങ്ങിയവയ്ക്ക് 21 ശതമാനവും വകയിരുത്തി.
www.manoramaonline.com
إرسال تعليق